12:29pm 17 April 2026
NEWS
അടിയൊഴുക്കുകളിൽ ഉലഞ്ഞ് വടക്കൻ കേരളം: കുത്തകമണ്ഡലങ്ങൾ അടിപതറും; താമര പ്രതീക്ഷയിൽ ബി.ജെ.പി
16/04/2026  03:48 PM IST
പ്രദീപ് ഉഷസ്സ്
അടിയൊഴുക്കുകളിൽ ഉലഞ്ഞ് വടക്കൻ കേരളം: കുത്തകമണ്ഡലങ്ങൾ അടിപതറും; താമര പ്രതീക്ഷയിൽ ബി.ജെ.പി

കാസർഗോട്ടെ മഞ്ചേശ്വരത്ത് ഇക്കുറിയെങ്കിലും താമര വിരിയുമോ? ദേശീയ
മാധ്യമങ്ങൾ അടക്കം അത്യധികം ആകാംക്ഷയോടെയാണ് കേരളത്തിന്റെ
അതിർത്തിപ്രദേശമായ മഞ്ചേശ്വരത്ത് ഉറ്റുനോക്കുന്നത്. ചന്ദ്രഗിരി പുഴക്കക്കരെ
മഞ്ചേശ്വരത്തും കാസർഗോഡും ബി.ജെ.പിക്ക് ശക്തമായ സ്വാധീനമാണുള്ളത്.
എന്നാൽ ഇന്നുവരെ അവിടെ വിജയതിലകമണിയാൻ ബി.ജെ.പിക്ക്
കഴിഞ്ഞിട്ടുമില്ല. വോട്ടുകണക്കുകൾ പരിശോധിച്ചാൽ ബി.ജെ.പിക്കാണ്
മുൻതൂക്കം, എന്നാൽ പോരാട്ട വേളകളിൽ കൊടിയുടെ നിറം മറന്ന് ക്രോസ് വോട്ട്
അരങ്ങേറും, ഫലമോ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തും, ബി.ജെ. പി നേതാവ് കെ.
സുരേന്ദ്രന് കഴിഞ്ഞ രണ്ടുതവണയും നിസ്സാരവോട്ടുകൾക്കാണ് മണ്ഡലം
നഷ്ടമായത്. ഇക്കുറി അത് ആവർത്തിക്കാതിരിക്കാനുള്ള കഠിനാധ്വാനമാണ്
ബി.ജെ.പി കേന്ദ്രങ്ങൾ നടത്തിയത്. അതുകൊണ്ടുതന്നെ വലിയ
ആത്മവിശ്വാസമാണ് ഇക്കുറി എൻ.ഡി.എ കേന്ദ്രങ്ങൾ പങ്കുവയ്ക്കുന്നത്.
ഇത്തവണ സുരേന്ദ്രനിലൂടെ മഞ്ചേശ്വരത്ത് താമര വിരിയുമെന്നതാണ് അവരുടെ
പ്രതീക്ഷ.

മുസ്ലീം ലീഗിലെ എ.കെ. എം. അഷ്‌റഫ് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
പതിവുപോലെ അവരും വിജയപ്രതീക്ഷയിലാണ്. ബി.ജെ.പി
വിജയിക്കാതിരിക്കാനുള്ള അണിയറനീക്കങ്ങൾ ഇക്കുറിയും സജീവമാണ്.
എസ്.ഡി.പി.ഐ നേരത്തെ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ഒടുവിൽ
മത്സരരംഗത്ത് നിന്നുമാറിയത് യു.ഡി.എഫ് ക്യാമ്പിന് ആവേശം പകർന്നിട്ടുണ്ട്.
സി.പി.എം നേതാവ് കെ.ആർ. ജയാനന്ദൻ ആണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
യു.ഡി.എഫ് കുത്തക നിലനിർത്തുന്ന കാസർഗോഡ് മണ്ഡലത്തിലും ശക്തമായ
പോരാട്ടമാണ് നടക്കുന്നത്. ഇക്കുറിയിവിടെ ശക്തമായ ത്രികോണമത്സരമാണ്
അരങ്ങേറിയത്. കല്ലട്ര മായിൻ ഹാജിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മുൻ
കോൺഗ്രസ് നേതാവ് ഷാനവാസ് പാദൂർ ഇത്തവണ ഇടതുപക്ഷത്തിന്

വേണ്ടിയാണ് മത്സരിച്ചത്. എം.എൽ അശ്വനിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ഷാനവാസ് പാദൂർ യു.ഡി.എഫ് വോട്ടുകൾ വ്യക്തിപരമായി
സമാഹരിക്കുമെന്നാണ് കരുതേണ്ടത്. അങ്ങനെ വന്നാലത് എൻ.ഡി.എ
സ്ഥാനാർത്ഥി അശ്വനിക്ക് കരുത്തായി മാറുകയും ചെയ്യും.
ചന്ദ്രഗിരി പുഴയ്ക്ക് ഇക്കരെയുള്ള ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ
മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് തന്നെയാണ് മേൽക്കൈ. ഉദുമയിലും,
തൃക്കരിപ്പൂരിലും ചില അടിയൊഴുക്കുകൾ ഉണ്ടെങ്കിലും അട്ടിമറി സാധ്യത വളരെ
കുറവാണ്. ഉദുമയിൽ അഡ്വ. സി.എച്ച്. കുഞ്ഞമ്പുവാണ് എൽ.ഡി.എഫ്
സ്ഥാനാർത്ഥി. യു.ഡി.എഫിലെ കെ. നീലകണ്ഠനാണ് എതിർസ്ഥാനാർത്ഥി.
തൃക്കരിപ്പൂരിൽ ഡോ.വി.പി.പി. മുസ്തഫയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി.
സന്ദീപ് വാര്യർ യു.ഡി.എഫ് സ്ഥാനാർത്ഥിയും.

ഇടതുപക്ഷം ഇതിനോടകം ജയം ഉറപ്പിച്ചുകഴിഞ്ഞ മണ്ഡലമാണ് കാഞ്ഞങ്ങാട്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ആണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഷൈജി
ഓട്ടപ്പള്ളിയാണ് യു.ഡി.എഫിനുവേണ്ടി ജനവിധി തേടിയത്.
എൻ.ഡി.എയ്ക്കുവേണ്ടി ബൽരാജും രംഗത്തുണ്ടായിരുന്നു. അതിശക്തമായ ഇടത്
അടിത്തറയുള്ള കാഞ്ഞങ്ങാട്ട് എന്തെങ്കിലും അട്ടിമറിയുണ്ടാകുമെന്ന്
യു.ഡി.എഫോ, ബി.ജെ.പിയോ പ്രതീക്ഷിക്കുന്നുമില്ല.

കണ്ണൂരിൽ ഇരുമുന്നണിക്കുംഅഭിമാനപോരാട്ടം

മറ്റൊരിക്കലുമില്ലാത്ത വിധത്തിൽ അതുശക്തമായ പോരാട്ടമാണ് ഇക്കുറി
കണ്ണൂരിൽ നടന്നത്. സി.പി.എം വിട്ട് പുറത്തുവന്നവർ യു.ഡി.എഫ്
പിന്തുണയോടെ നടത്തിയ പോരാട്ടത്തെ അത്യധികം ആകാംക്ഷയോടെയാണ്
രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. യു.ഡി.എഫ് ശക്തികേന്ദ്രമായ പേരാവൂരിൽ
സി.പി.എം നേതാവ് കെ.കെ. ശൈലജ ടീച്ചറും, സിറ്റിംഗ് എം.എൽ.എയും
കെ.പി.സി.സി പ്രസിഡന്റുമായ സണ്ണിജോസഫും തമ്മിൽ നടന്മ തീപാറും
പോരാട്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ജനവിധി തേടിയത് ധർമ്മടത്താണ്.
ഇവിടെ പിണറായിയുടെ ഭൂരിപക്ഷത്തിൽ ഇടിവ് വരുത്താൻ
യു.ഡി.എഫിനാകുമോ?

കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ നിലവിൽ ഒൻപതിടത്തും ഇടതുആധിപത്യമാണ്.
ഇക്കുറി പലയിടങ്ങളിലും അതിശക്തപോരാട്ടമാണ് അരങ്ങേറിയത്.
നാലിടങ്ങളിൽ അത്ഭുതങ്ങൾ ഒന്നും സംഭവിക്കില്ല, അവിടെ ഇടതുപക്ഷം
അനായാസ വിജയം നേടും. ഏഴിടത്ത് നടന്നത് കടുത്ത മത്സരവും. ഇടതുകോട്ടയായ

തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ
പി.കെ. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്, പാർട്ടി വിട്ട
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ സ്ഥാനാർത്ഥിയാവുകയും,
യു.ഡി.എഫ് പിന്തുണ നൽകുകയും ചെയ്തതോടെ തളിപ്പറമ്പിന്റെ അന്തരീക്ഷം
മാറി. ടി.കെ. ഗോവിന്ദന്റെ വ്യക്തിപരസ്വാധീനവും, തങ്ങളുടെ വോട്ടുകളും
ചേർന്നാൽ അട്ടിമറി സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ
കണക്കൂകൂട്ടൽ. അതേസമയം ഇടതുപക്ഷം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ
തളിപ്പറമ്പിൽ ശക്തമായ സ്വാധീനമാണുയർത്തിയത്. പതിറ്റാണ്ടുകളായി
സംഘടനാരംഗത്ത് നിറഞ്ഞുനിൽക്കുന്ന പി.കെ. ശ്യാമള ടീച്ചറെ, പാർട്ടി
സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ മാത്രം വിശേഷിപ്പിക്കുന്നത്
രാഷ്ട്രീയപാപ്പരത്തമാണെന്ന പ്രചരണം ശക്തമായി ഉയർത്താൻ ഇടതുമുന്നണിക്ക്
കഴിഞ്ഞിട്ടുണ്ട്. അതേസമയം ഈസി വാക്കോവർ പ്രതീക്ഷ എൽ.ഡി.എഫിനും
നഷ്ടപ്പെട്ടിട്ടുണ്ട്.

പയ്യന്നൂരിലും ഇക്കുറി ശക്തമായ പോരാട്ടമാണ് നടന്നത്. ധനരാജ് രക്തസാക്ഷി
ഫണ്ടിൽ വെട്ടിപ്പ് നടന്നതായും, വകമാറ്റി ചെലവഴിച്ചതായും
ആരോപണമുയർത്തി രംഗത്ത് വന്ന സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്
യു.ഡി.എഫ് പിന്തുണ നൽകിയതോടെ പോരാട്ടം കനത്തു. ഇടതുമുന്നണി
സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ ടി.കെ. മധുസൂദനന് തന്നെയാണ്
ജയസാധ്യതയെങ്കിലും, ഭൂരിപക്ഷത്തിൽ വലിയ ഇടിച്ചിൽ ഉണ്ടാകുമെന്നത്
ഉറപ്പാണ്.ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് മണ്ഡലങ്ങളാണ്
തളിപ്പറമ്പും, പയ്യന്നൂരും, ഒരു കാരണവശാലും അത നഷ്ടമാകാതാരിക്കാൻ
ശക്തമായ അണിയറ നീക്കങ്ങളാണ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ
നടന്നത്. അത്യന്തം വൈകാരികമായി ഇടതണികൾ ഇവിടങ്ങളിലെ പോരാട്ടത്തെ
ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ
തെരഞ്ഞെടുപ്പിന് ശേഷവും അരങ്ങേറിക്കൊണ്ടിരിക്കുകയുമാണ്.

കണ്ണൂർ ജില്ലയിൽ പ്രവചനമസാധ്യമാകുംവിധത്തിൽ തീപാറും പോരാട്ടം നടന്നത്
പേരാവൂരിലാണ്. യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രത്യക്ഷത്തിൽ വിജയം
അവകാശപ്പെടുന്നുണ്ടെങ്കിലും അടിയൊഴുക്കുകൾ പ്രവചനാതീതമാണ്.
കോൺഗ്രസ് നേതാവ് കെ. സുധാകരന് സ്വാധീനമുള്ളയിടം കൂടിയാണ് പേരാവൂർ.
സുധാകരനെ രാഷ്ട്രീയമായി ഒതുക്കാൻ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും ചേർന്നാണെന്ന വികാരം
സുധാകരൻ അനുകൂലികളിൽ ശക്തവുമാണ്. അത് തെരഞ്ഞെടുപ്പിൽ എങ്ങനെ
പ്രതിഫലിക്കുമെന്നതിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.

മുഖ്യമന്ത്രിയുടെ തട്ടകമായ ധർമ്മടത്ത് ഭൂരിപക്ഷത്തിൽ ഇടിച്ചിൽ ഉണ്ടാകുമോ
എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അവിടെ മറ്റ് അത്ഭുതങ്ങൾ ഒന്നും
സംഭവിക്കാനുമില്ല. വി.പി. അബ്ദുൾ റഷീദാണ് ധർമ്മടത്തെ യു.ഡി.എഫ്
സ്ഥാനാർത്ഥി. കെ. രഞ്ജിത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയും.
ഇടതുമുന്നണി സ്ഥാനാർത്ഥി വി.കെ. സനോജ് മട്ടന്നൂരിൽ വലിയ ഭൂരിപക്ഷത്തിന്
ജയിക്കും. യു.ഡി.എഫിലെ ചന്ദ്രൻ തില്ലങ്കേരിക്കും, എൻ.ഡി.എയിലെ ബിജു
ഏളക്കുഴിക്കും അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന പ്രതീക്ഷകൾ ഒന്നുമില്ല.
ഇടതുകോട്ടയായ കല്യാശ്ശേരിയിൽ എം. വിജിൻ വലിയ ഭൂരിപക്ഷം നേടുമെന്നത്
ഉറപ്പാണ്. യു.ഡി.എഫിലെ രാജീവൻ കപ്പച്ചേരിയും, എൻ.ഡി.എയിലെ എ.വി.
സനിലുമാണ് പ്രമുഖ എതിർസ്ഥാനാർത്ഥികൾ. തലശ്ശേരിയിൽ കാരായി രാജനും
വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നത് ഉറപ്പാണ്. കെ.പി. സാജു(യു.ഡി.എഫ്), ഒ.
നിധീഷ്(എൻ.ഡി.എ) എന്നിവരാണ് പ്രമുഖ എതിർസ്ഥാനാർത്ഥികൾ. കെ.വി.
സുമേഷിലൂടെ അഴീക്കോടും ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുമെന്ന് തന്നെയാണ്
അടിയൊഴുക്കുകൾ നൽകുന്ന സൂചന. യു.ഡി.എഫിലെ കരീം ചേലേരി,
എൽ.ഡി.എഫിലെ കെ.കെ. വിനോദ് കുമാർ എന്നിവരാണ്
എതിർസ്ഥാനാർത്ഥികൾ.

കൂത്തുപറമ്പിൽ ആർ.ജെ.ഡിയിലെ പി.കെ. പ്രവീൺ ആണ് എൽ.ഡി.എഫ്
സ്ഥാനാർത്ഥി. മുസ്ലീം ലീഗ് ദേശീയ നേതാവ് ജയന്തിരാജനാണ് ഇവിടെ യു.ഡി.എഫ്
സ്ഥാനാർത്ഥി. ജി. ഷിജിലാലാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കൂത്തുപറമ്പിൽ
ഇക്കുറി ശക്തമായ മത്സരമാണ്. യു.ഡി.എഫ് കേന്ദ്രങ്ങൾ ആത്മവിശ്വാസം
പുലർത്തുമ്പോൾ, വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്
കേന്ദ്രങ്ങൾ.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇരിക്കൂറിൽ ഇക്കുറിയും യു.ഡി.എഫ്
വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും,
സിറ്റിംഗ് എം.എൽ.എയുമായ സജീവ് ജോസഫ്. മാത്യു കുന്നപ്പള്ളിയാണ്
ഇടതുമുന്നണി സ്ഥാനാർത്ഥി. ശ്രീനാഥ് പത്മനാഭൻ എൻ.ഡി.എ സ്ഥാനാർത്ഥിയും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വലിയ വെല്ലുവിളിയാണ് കോൺഗ്രസ് നേതാവ് ടി.ഒ.
മോഹനൻ ഉയർത്തുന്നത്. കെ. സുധാകരന്റെ ആവശ്യത്തെ മറികടന്നാണ് ടി.ഒ.
മോഹനൻ സ്ഥാനാർത്ഥിയായത്. മുൻമേയർ കൂടിയായ ടി.ഒ. മോഹനന്റെ
വ്യക്തിപരമായ സ്വാധീനവും രാഷ്ട്രീയവോട്ടുകളും ചേർന്നാൽ വിജയം
ഉറപ്പാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. സി. രഘുനാഥ് ആണ്
ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി.

കോഴിക്കോട്ട് കോട്ടകൾ ഇളകും

സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കോഴിക്കോട് ജില്ല
ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇവിടെ കോൺഗ്രസിന് ഒരു എം.എൽ.എ
പോലുമില്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ
പതിമൂന്ന് സീറ്റിൽ പതിനൊന്നിലും വിജയിച്ചത് ഇടതുമുന്നണിയാണ്.
യു.ഡി.എഫിന് കിട്ടിയതാകട്ടെ രണ്ട് സീറ്റും. കൊടുവള്ളിയിൽ ലീഗ് നേതാവ് ഡോ.
എം.കെ. മുനീറും, വടകരയിൽ ആർ.എം.പിയിലെ കെ.കെ. രമയും. എന്നാൽ
ഇക്കുറി അട്ടിമറി നടക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞതവണ നേടിയ മിന്നുന്ന വിജയം ഇക്കുറി ആവർത്തിക്കാനാകില്ലെന്ന്
ഇടതുമുന്നണിക്കും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൊട്ടടുത്ത് നടന്ന ത്രിതല
തെരഞ്ഞെടുപ്പിലും കൈവരിച്ച ഉജ്ജ്വല വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ
അട്ടിമറി വിജയം ഉറപ്പിക്കാൻ യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് കരുത്ത് നൽകുന്നത്.
കൂടാതെ മുസ്ലീം ന്യൂനപക്ഷ മേഖലകളിൽ നിന്നും വ്യക്തമായ പിന്തുണ
ഉറപ്പിക്കാൻ കഴിഞ്ഞതും യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് ആത്മവിശ്വാസം
പകരുന്നുണ്ട്.

കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത
കോൺഗ്രസ്, കോർപ്പറേഷനിലും ശക്തമായ ആധിപത്യം ഉറപ്പിച്ചു.
ഏറെക്കാലമായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന കുരുവട്ടൂർ, പേരാമ്പ്ര,
തലക്കുളത്തൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകൾ പിടിച്ചെടുക്കാനും യു.ഡി.എഫിന്
കഴിഞ്ഞിരുന്നു. ഈ വിധത്തിൽ ജില്ലയിലുടനീളം ശക്തമായ മേധാവിത്വം
നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. അതിന്റെ പ്രതിഫലനം ഈ
നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അവരുടെ
ആത്മവിശ്വാസം.

കൊടുവള്ളിക്കും, വടകരയ്ക്കുമൊപ്പം കൊയിലാണ്ടി, നാദാപുരം, കോഴിക്കോട്
സൗത്ത്, കുറ്റ്യാടി എന്നീ മണ്ഡലങ്ങൾ ഉറപ്പായും സ്വന്തമാക്കുമെന്ന
ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. കോഴിക്കോട് ജില്ലയിൽ
ശക്തമായ പോരാട്ടമാണ് ബേപ്പൂരിൽ നടക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ
മണ്ഡലത്തിൽ, യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയത് പി.വി. അൻവർ
ആണ്. 'മരുമോനിസത്തിനും, പിണറായിസത്തിനുമെതിരെ' എന്ന നിലയിൽ
പ്രചരണരംഗത്ത് വലിയ ഇളക്കങ്ങൾ സൃഷ്ടിക്കാൻ അൻവറിന്
കഴിഞ്ഞിട്ടുണ്ടെങ്കിലും, റിയാസിന്റെ വിജയത്തെ മറികടക്കാൻ സാധ്യത വളരെ
കുറവാണ്. മണ്ഡലത്തിലുടനീളം റിയാസിനുള്ള സ്വീകാര്യതയ്ക്കും

പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങളും തുണയായി
മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുകേന്ദ്രങ്ങൾ.
ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിലും
ഇക്കുറി വലിയ പോരാട്ടമാണ്. യു.ഡി.എപ് സ്ഥാനാർത്ഥി മുസ്ലീംലീഗിലെ ഫാത്തിമ
തഹ്‌ലിയ ശക്തമായ ഇടപെടലാണ് നടത്തിയത്. അടിയൊഴുക്കുകൾ
ഒട്ടേറെയുണ്ടെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്ന ആത്മവിശ്വാസത്തിലാണ്
ഇടതുമുന്നണി പ്രവർത്തകർ. മന്ത്രി എ.കെ. ശശീന്ദ്രൻ ജനവിധി തേടുന്ന
എലത്തൂരിലും ഇക്കുറി ശക്തമായ പോരാട്ടമാണ്. തുടർച്ചയായി മത്സരിക്കുന്ന
ശശീന്ദ്രൻ ഇക്കുറി മാറിനിൽക്കണമെന്ന ആവശ്യം എൻ.സി.പി പ്രവർത്തകർ തന്നെ
ഉയർത്തിയത് വലിയ വിവാദമായിരുന്നു. മഹിളാകോൺഗ്രസ് നേതാവ് അഡ്വ.
വിദ്യാബാലകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിയുടെ
കുത്തകമണ്ഡലമായ എലത്തൂരിൽ അതിശക്തമായ പോരാട്ടമാണ് യു.ഡി.എഫ്
സ്ഥാനാർത്ഥി നടത്തിയത്.

സിറ്റിംഗ് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ മത്സരിക്കുന്ന കോഴിക്കോട്
നോർത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജയന്ത് വലിയ വെല്ലുവിളിയാണ്
ഉയർത്തുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥി നവ്യഹരിദാസും വലിയ
വിജയപ്രതീക്ഷയാണ് പുലർത്തുന്നത്. മുൻമന്ത്രി അഹമ്മദ് ദേവർ കോവിൽ
മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലം ഇത്തവണ പിടിച്ചെടുക്കുമെന്ന
ആത്മവിശ്വാസമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾക്ക് ഉള്ളത്.

കുന്ദമംഗലം, കൊടുവള്ളി, നാദാപുരം, ബാലുശ്ശേരി, കുറ്റ്യാടി, വടകര,
കൊയിലാണ്ടി, തിരുവമ്പാടി തുടങ്ങിയ മണ്ഡലങ്ങളിലും ഇക്കുറി ശക്തമായ
പോരാട്ടമാണ് നടക്കുന്നത്. എന്തുതന്നെയായാലും മുൻകാലങ്ങളിൽ കോഴിക്കോട്
ജില്ലയിൽ കാഴ്ചവെച്ച ശക്തമായ ആധിപത്യം ഇത്തവണ പ്രകടിപ്പിക്കാൻ
കഴിയില്ലെന്ന് ഇടതുകേന്ദ്രങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.